This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (മില്‍മ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (മില്‍മ)

മില്‍മ

ധവളവിപ്ലവത്തെത്തുടര്‍ന്ന് കേരളത്തിലെ പാല്‍ ഉത്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം. 1980-ല്‍ തിരുവനന്തപുരം ആസ്ഥാനമായാണ് മില്‍മ സ്ഥാപിതമായത്. ക്ഷീരകര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുക, നഗരങ്ങളില്‍ പാലിന്റെ ദൗര്‍ലഭ്യം ഒഴിവാക്കുക, സംസ്ഥാനത്ത് പാലുത്പന്നങ്ങളുടെ നിര്‍മാണ-വിപണന പ്രവര്‍ത്തനങ്ങള്‍ നടത്തുക, ഗുണമേന്മയുള്ള പാല്‍-പാലുത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും മെച്ചപ്പെട്ട വില കര്‍ഷകര്‍ക്ക് നല്കുകയും ചെയ്യുക തുടങ്ങിയവയാണ് മില്‍മയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍.

1976-ല്‍ സ്ഥാപിതമായ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് ആന്‍ഡ് മില്‍ക്ക് മാര്‍ക്കറ്റിങ് ബോര്‍ഡിന്റെ ചുവടുപിടിച്ചാണ് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ രൂപീകൃതമാകുന്നത്. ഇതിന്റെ പ്രഥമ ചെയര്‍മാനായിരുന്ന നാഗരാജന്‍ ഐ.എ.എസ്. ആണ് 'മില്‍മ' എന്ന പേര് സ്ഥാപനത്തിന് നല്‍കിയത്.

2010-ലെ കണക്കുകള്‍ പ്രകാരം 2678 പ്രാഥമിക ക്ഷീര സഹകരണ സൊസൈറ്റികളാണ് മില്‍മയുടെ കീഴിലുള്ളത്. സംസ്ഥാനത്തൊട്ടാകെ 8.3 ലക്ഷം ക്ഷീരകര്‍ഷകര്‍ മില്‍മയില്‍ അംഗങ്ങളാണ്. പ്രതിദിനം ഏകദേശം 12 ലക്ഷം ലിറ്റര്‍ പാല്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള 13 ഡയറി കേന്ദ്രങ്ങള്‍, പാല്‍ തണുപ്പിച്ച് സൂക്ഷിക്കുന്ന 10 മില്‍ക്ക് ചില്ലിങ് സെന്ററുകള്‍, പ്രതിദിനം 10 എം.ടി. ഉത്പാദനശേഷിയുള്ള ഒരു പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ്, ആലപ്പുഴയിലും പാലക്കാട്ടുമായി കാലിത്തീറ്റ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവയും മില്‍മയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. മില്‍മയുടെ പാല്‍, പാലുത്പന്നങ്ങള്‍ എന്നിവ സംസ്ഥാനത്തൊട്ടാകെയുള്ള 5200 വ്യാപാരകേന്ദ്രങ്ങളിലൂടെ വിറ്റഴിക്കപ്പെടുന്നു. മില്‍മയുടെ കീഴില്‍ 32,000-ത്തോളം പേര്‍ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ചെയ്യുന്നുണ്ട്.

മില്‍മയുടെ പ്രാദേശിക പാല്‍ സംഭരണകേന്ദ്രങ്ങളിലാണ് ക്ഷീര കര്‍ഷകര്‍ക്ക് അംഗത്വം നല്കുന്നത്. ആനന്ദ് പാറ്റേണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അഥവാ ആപ്കോസ് എന്ന സഹകരണ സംഘത്തിലാണ് ഇവര്‍ക്ക് അംഗത്വം ലഭിക്കുക. പാല്‍ സംഭരണം, മൃഗഡോക്ടര്‍മാരുടെ സേവനം, കന്നുകാലി പരിപാലനത്തിനായി കര്‍ഷകര്‍ക്ക് പ്രത്യേക പരിശീലനം, സബ്സിഡിയോടെ കാലിത്തീറ്റ വിതരണം, കന്നുകുട്ടി വിതരണം, കന്നുകാലികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ എന്നിവ ആപ്കോസ് അംഗങ്ങള്‍ക്കായി മില്‍മ നല്കുന്ന സേവനങ്ങളാണ്.

സംസ്ഥാനത്തെ പാല്‍വിതരണത്തില്‍ മില്‍മയ്ക്ക് പ്രധാന പങ്കാണുള്ളത്. കൊഴുപ്പ് ഇല്ലാത്തതും 3 ശതമാനം, 4.5 ശതമാനം കൊഴുപ്പുള്ളതുമായ പാല്‍ മില്‍മ വിപണിയിലെത്തിക്കുന്നുണ്ട്. വാനില, ചോക്ലേറ്റ് തുടങ്ങി നിരവധി രുചിഭേദങ്ങളുള്ള ഐസ്ക്രീം; കുള്‍ഫി; തൈര്, ലസ്സി, സംഭാരം, നെയ്യ്, വെണ്ണ, കാര്‍ഡമം മില്‍ക്ക്, റിഫ്രഷ് തുടങ്ങിയ പാനീയങ്ങള്‍; പേഡ, ക്രീം റോള്‍, മില്‍മ സിപ്അപ് തുടങ്ങിയ മധുരപലഹാരങ്ങള്‍ എന്നിവ മില്‍മ വിപണനം ചെയ്യുന്ന പാല്‍ ഉത്പന്നങ്ങളാണ്.

2005-ല്‍ ക്ഷീരകര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്കുന്ന ക്ഷീരകര്‍ഷകക്ഷേമനിധി നിലവില്‍ വന്നു. ഈ സമ്പ്രദായം ഇന്ത്യയിലെ തന്നെ പ്രഥമ സംരംഭമാണ്. നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ്, അനിമല്‍ ഹസ്ബന്ററി വകുപ്പ്, ക്ഷീരവികസനവകുപ്പ്, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് എന്നിവയുമായി സഹകരിച്ചാണ് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പ്രവര്‍ത്തിച്ചുവരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍